05 February, 2022 12:43:38 PM
കെ-റെയിലില്‍ സ്ഥലമേറ്റെടുപ്പ് ഇപ്പോള്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദപദ്ധതിരേഖയില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് കേന്ദ്രം. നിലവില്‍ പദ്ധതിക്കായി നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരില്‍നിന്ന് ഡി.പി.ആറില്‍ കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ട നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ തത്ത്വത്തിലുള്ള അംഗീകാരമുണ്ടെന്നും കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സാമൂഹികാഘാത പഠനത്തിനുള്ള സര്‍വേയാണ് ഇപ്പോള്‍ നടത്തുന്നത്.
കെ-റെയിലിനുവേണ്ടി സര്‍വേ നടത്തുന്ന സംസ്ഥാനത്തിന്‍റെ നടപടിക്കെതിരെ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളില്‍ ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നതു തടഞ്ഞുകൊണ്ട് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വിധിപറയുന്നതിനായി മാറ്റി. സര്‍വേ തുടരാന്‍ അനുവദിക്കണമോ എന്നതിലായിരിക്കും കോടതി തീരുമാനമെടുക്കുക. ഡി.പി.ആര്‍. അംഗീകാരം നേടുന്നതിന് നിരവധി നടപടിക്രമങ്ങള്‍ ഉണ്ടെന്നാണ് അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ എസ്. മനു വാദിച്ചത്. കേരളത്തിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പും ഹാജരായി.
കേരളം സമര്‍പ്പിച്ച ഡി.പി.ആറിന് ആദ്യം റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കണം. പിന്നീട് നിതി ആയോഗിന്‍റെ അംഗീകാരത്തിനുവിടണം. ശേഷം ധനമന്ത്രാലയം, പ്ലാനിങ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം, റെയില്‍വേ ബോര്‍ഡ്, നിതി ആയോഗ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട എക്സ്റ്റഡ് റെയില്‍വേ ബോര്‍ഡിന്‍റെ പരിശോധനയും പൂര്‍ത്തിയാക്കണം. അവരുടെയും അംഗീകാരം കിട്ടിയശേഷം റെയില്‍വേ മന്ത്രിയുടെ അംഗീകാരത്തോടെ ധനമന്ത്രിക്കു കൈമാറും. പിന്നീട് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ച ശേഷമേ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരമായി എന്ന് പറയാനാവൂ. പദ്ധതിയുടെ കടബാധ്യത റെയില്‍വേക്കും ബാധകമാകുമെന്നതും വിശദമായി പരിശോധിക്കേണ്ട വിഷയമാണ്.
റെയില്‍വേയുടെ സ്ഥലത്ത് കെ-റെയിലിന്‍റെ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാനാകില്ല. മറ്റു പഠനങ്ങള്‍ നടത്തുന്നതില്‍ റെയില്‍വേക്ക് എതിര്‍പ്പില്ല. ഡി.പി.ആര്‍. തയ്യാറാക്കാനാണ് പ്രാഥമിക അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്‍റെ പേരില്‍ സ്ഥലം ഏറ്റെടുക്കല്‍ വരെ നടത്താമെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് കേന്ദ്രം വാദിക്കുന്നു. അലൈന്‍മെന്‍റ് അംഗീകരിക്കും മുമ്പ് സ്ഥലം ഏറ്റെടുക്കലുമായി പോകുന്നതില്‍ കാര്യമില്ലെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. പദ്ധതി അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനും തടസ്സമാണ്. ഒട്ടേറെ മതസ്ഥാപനങ്ങളും ഇതിനായി തകര്‍ക്കേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടികാട്ടുന്നു..
ഇപ്പോള്‍ നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ നാല് അനുസരിച്ചുള്ള സാമൂഹികാഘാത പഠനമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിക്കുന്നു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയുണ്ട്. ഇതുപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയുമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.