05 February, 2022 11:39:40 AM
ആപ്പില്‍ കുരുങ്ങി അങ്കണവാടി അധ്യാപികമാർ; പെര്‍ഫോമന്‍സ് അലവന്‍സ് മുടങ്ങി
കണ്ണൂര്‍: അങ്കണവാടികളുടെ പ്രവര്‍ത്തനവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജീവനക്കാർക്ക് അനുവദിച്ച കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെര്‍ (കാസ്) അടങ്ങിയ ഫോണ്‍ പണിമുടക്കുന്നത് പതിവായതോടെ ദുരിതത്തിലായി അങ്കണവാടി അധ്യാപികമാർ. ജീവനക്കാർ ദിവസേന കൈകാര്യം ചെയ്യുന്ന 11 രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കാസ് ഫോണില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്തതാണു ജീവനക്കാരെ ദുരിതത്തിലാക്കുന്നത്. ഇതോടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ ഇവര്‍ക്കു മാസത്തില്‍ ലഭിക്കേണ്ട പെര്‍ഫോമന്‍സ് അലവന്‍സും നിലച്ചു.
സോഫ്റ്റ്വെര്‍ പണിമുടക്കുന്നത് അധികൃതരെ അറിയിച്ചിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. 2019ലാണ് അങ്കണവാടി അധ്യാപികമാർക്കു സര്‍ക്കാര്‍ കാസ് ഫോണ്‍ അനുവദിച്ചത്. അങ്കണവാടി പരിധിയില്‍ വരുന്ന കുടുംബവിവര രജിസ്റ്റർ, പ്രതിദിന ഭക്ഷണ രജിസ്റ്റർ, ഭവന സന്ദര്‍ശന രജിസ്റ്റർ, പ്രതിരോധ കുത്തിവയ്പ് രജിസ്റ്റര്‍ തുടങ്ങി 11 രജിസ്റ്ററുകളാണ് അങ്കണവാടികളിൽ എഴുതിസൂക്ഷിക്കേണ്ടതിനൊപ്പം കാസ് ഫോണില്‍ അപ്ലോഡ് ചെയ്യേണ്ടത്. ഐസിഡിഎസ് ഓഫീസുകളിലെ നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണു രജിസ്റ്റര്‍ വിവരങ്ങള്‍ നല്‍കേണ്ടത്.
തുടക്കത്തില്‍ കോം കെയര്‍ എല്‍ടിഎസ് എന്ന സോഫ്റ്റ്വെർ ഉപയോഗിച്ചാണ് രജിസ്റ്റര്‍ വിവരങ്ങള്‍ കാസ് ഫോണ്‍ വഴി നല്കിവന്നത്. എന്നാല്‍ ഇപ്പോള്‍ സോഫ്റ്റ്വേര്‍ മാറി പോഷന്‍ ട്രാക്കറിലാണു ചെയ്യേണ്ടത്. ഇതാണു പ്രശ്നങ്ങള്‍ക്കു കാരണം. കൂടാതെ, ഇത്തരത്തില്‍ നല്കിയ ഫോണുകള്‍ക്കു തീരെ ഗുണനിലവാരമില്ലെന്നും ആക്ഷേപമുണ്ട്. സെര്‍വര്‍ സ്ലോ ആകുന്നതുകാരണം ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. കാസ് ഫോണില്‍ അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണു ജീവനക്കാർക്കു പെര്‍ഫോമന്‍സ് അലവന്‍സ് നല്‍കിവരുന്നത്. സെര്‍വര്‍ പണിമുടക്കിലായതോടെ ജീവനക്കാർ ചെയ്യുന്ന ജോലിക്കു വേതനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.