03 February, 2022 12:49:46 PM
ദിലീപിന്റെ ഫോണുകൾ കോടതിയിൽ തുറക്കില്ല; തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ തിരുവന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കാൻ തീരുമാനം. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച ആറ് ഫോണുകളാണ് പരിശോധനക്ക് തിരുവനന്തപുരത്തേക്ക് അയക്കുക. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പ്രതിഭാഗം ഉയർത്തിയ വാദങ്ങളെ അംഗീകരിച്ച് കോടതിയുടെ ഉത്തരവ്.
മൊബൈൽ ഫോണുകൾ ആലുവ ജുഡിഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുറക്കില്ല. ഫോണുകൾ കോടതിയിൽ തുറക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഫോണുകളില്‍ നടത്തിയിട്ടുള്ള ചാറ്റുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അന്വേഷണ സംഘം ശേഖരിക്കും. കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ ഫോണുകള്‍ പരിശോധനയ്ക്ക് നല്കരുതെന്നു ദിലീപ് നേരത്തെ വാദിച്ചിരുന്നു.