01 February, 2022 02:38:20 PM
വാവ സുരേഷ് അപകട നില തരണം ചെയ്തു; ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിൽ
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്തു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കൈകാലുകള്‍ അനക്കുകയും വിളിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ആശങ്കാവഹമായിരുന്നു. നിലവില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്ക് തിരിച്ചെത്തി.
കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ ഇന്നലെ വൈകുന്നേരമാണ് മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂര്‍ഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയില്‍ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേര്‍പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുരേഷിന് ചികിത്സ നല്‍കുന്നത്. സുരേഷിന് സൗജന്യ ചികിത്സ നല്‍കാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. പോത്തന്‍കോട്ട് വച്ച് നടന്ന അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പാമ്പുപിടിത്തത്തിന് ഇറങ്ങുകയായിരുന്നു.