01 February, 2022 08:49:37 AM
കണ്ണൂര്‍ വി സി നിയമനം: മന്ത്രി ബിന്ദുവിനെതിരായ പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന് എതിരായ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനയോഗം നടത്തിയെന്നാണ് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില് ഫയല്‍ ചെയ്ത പരാതി.
നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തുകളുടെ അനുബന്ധ ഫയലുകള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ് ആര്‍. റഷീദും ചൊവ്വാഴ്ച തുടര്വാദം കേള്ക്കും. ഓണ്ലൈനായാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞമാസം കോടതി കേസ് പരിഗണിച്ചപ്പോള് കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്ക്കാറിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാകാന് ആവശ്യപ്പെട്ടിരുന്നു.
ഡോ ആര്‍ ബിന്ദു കത്തെഴുതിയത് ഏത് പദവി ഉപയോഗിച്ചാണെന്നത് വ്യക്തമാക്കണം. മന്ത്രി എന്ന നിലയിലാണോ പ്രോ ചാന്‍സലര്‍ എന്ന നിലയിലാണോ കത്തെഴുതിയതെന്ന് വ്യക്തമാക്കണമെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ അധികാരം ദുർവിനിയോഗം ചെയ്‌ത് സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കിയെന്നാണ് രമേശ് ചെന്നിത്തല ഗവർണർക്ക് നേരിട്ട് നൽകിയ പരാതിയിൽ പറയുന്നത്.
ഈ നിയമനവുമായി ബന്ധപ്പെട്ട് ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് തനിക്ക് ലഭ്യമാകാത്തതുകൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനെതുടർന്നാണ് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയത്.