31 January, 2022 06:25:41 PM


മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ



കൊച്ചി: ​മീഡിയ  വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മീഡിയ വൺ മാനേജ്മെന്‍റാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹ‍ർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.ന​ഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹ‍ർജിയിൽ കേന്ദ്രസ‍ർക്കാരിന്‍റെ നിലപാടും കോടതി തേടി. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞത് ​ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹ‍ർജി വിശദമായ വാദം കേൾക്കുന്നതിനായി കോടതി മറ്റന്നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.  

ഇതിനിടെ മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടപെടാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും ഓരോ മാധ്യമത്തെയും വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ  പ്രസ്താവനയില്‍ പറയുന്നു. 

മീഡിയ വൺ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി വി ശിവൻകുട്ടി. 'ജനാധിപത്യത്തിന്‍റെ നാലാം തൂണിനെ ചങ്ങലക്കിടാനുള്ള ഏതൊരു നീക്കവും അപലപനീയമാണ്. ആശയപരമായ സംവാദങ്ങളെ നേരിടാൻ ആകാതെ വരുമ്പോഴാണ് നിരോധനം പോലുള്ളവയെ ആശ്രയിക്കേണ്ടി വരുന്നത്. എല്ലാ ജനാധിപത്യ ശക്തികളും ഈ നീക്കത്തിനെതിരെ രംഗത്ത് വരണം. പേടിപ്പിച്ച് നിശബ്ദരാക്കുക എന്ന തന്ത്രം കേരളത്തിൽ വിലപ്പോവില്ല. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ ജനാധിപത്യവാദിയും മുന്നിലുണ്ടാണം. നിരോധനം പോലുള്ള ആശയങ്ങളെ മുളയിലേ നുള്ളുവാൻ ശക്തമായ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്'. ജനാധിപത്യത്തിന് നാമെല്ലാവരും കാവലാളാവണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

മീഡിയാവണ്ണിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോൺഗ്രസ്  നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 'ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയില്‍  മാധ്യമങ്ങള്‍ക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല. ഇത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്. ഇത് ഒരു ടെസ്റ്റ്  ഡോസാണോ എന്ന് പോലും സംശയമുണ്ട് രണ്ടാo തവണയാണു മീഡിയ വണ്ണിനെതിരെ നടപടി എടുക്കുന്നത്. ആര്‍ എസ് എസിന്‍റെയും ബി ജെ പിയുടെയും ഈ നീക്കത്തിനെതിരെ  ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കണം.' അദ്ദേഹം പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K