28 January, 2022 01:20:45 PM
ലോകായുക്ത ഓർഡിനൻസ്: ആദ്യം കാനത്തിന് മറുപടി നൽകൂ എന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓർഡിനൻസിൽ ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന് മറുപടി നൽകൂ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓർഡിനൻസിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ വ്യാഖ്യാനത്തിൽ ഒരു കാര്യവുമില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കേ തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവന്നത് ഫെബ്രുവരി ആദ്യം ലോകായുക്ത മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നത് കൊണ്ട് മാത്രമാണ്.
എൽഡിഎഫ് നയത്തിന് വിരുദ്ധമായ ഓർഡിനൻസ് കൊണ്ടുവന്നത് സിപിഎമ്മിലോ എൽഡിഎഫിലോ ആലോചിക്കാതെയാണെന്നും വ്യക്തമായിട്ടുണ്ട്. കെ.ടി.ജലീലിനെതിരായ വിധി വന്നപ്പോൾ തന്നെ ഓർഡിനൻസിന് കാരണമായ നിയമോപദേശം ലഭിച്ചുവെന്നാണ് മന്ത്രി പി.രാജീവ് പറഞ്ഞത്. അങ്ങനെയെങ്കിൽ നിയമ നിർമാണത്തിന് മാത്രമായി ചേർന്ന കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ഇത് എന്തുകൊണ്ട് കൊണ്ടുവന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രപതി അംഗീകരിച്ചാണ് ലോകായുക്ത നിയമം പാസാക്കിയത്. അതിനാൽ ഭേദഗതി കൊണ്ടുവരുമ്പോൾ രാഷ്ട്രപതിയുടെ അനുമതി വാങ്ങണം. അതാണ് ഓർഡിനൻസിൽ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടത്. കെ റെയിൽ വിഷയത്തിൽ വ്യത്യസ്ത നിലപാട് പറഞ്ഞ സാംസ്കാരിക പ്രവർത്തകരെ സൈബർ ഇടങ്ങളിൽ സിപിഎം അനുകൂലികൾ ആക്രമിക്കുകയാണ്.
ഗൗരി ലങ്കേഷിനെ വകവരുത്തിയ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസ് സർക്കാർ അട്ടിമറിക്കുകയാണ്. കേസ് സിബിഐക്ക് വിടണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണ്. കേസിൽ പ്രോസിക്യൂഷന് നിരവധി വീഴ്ചകൾ സംഭവിച്ചുവെന്നും പ്രതികൾ രക്ഷപെടുന്ന സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.