24 January, 2022 06:39:14 PM
'സത്യം ജയിച്ചു, മനസാക്ഷിയാണ് എന്റെ ശക്തി': വിഎസിനെതിരായ ജയത്തിൽ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ കേസിൽ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താൻ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു. തെറ്റ് ചെയ്തില്ലെന്ന് പൂർണ ബോധ്യമുണ്ട്. എത്ര കേസുകൾ, എത്ര കമ്മിഷനുകൾ വന്നു? സത്യം ജയിച്ചുവെന്ന് മനസിലായി.
സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ നൽകിയ കേസിൽ അനുകൂല വിധിയുണ്ടായതില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. എന്റെ മനസാക്ഷിയാണ് എന്റെ ശക്തി. വിഎസിന്റെ പക്കൽ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും. അപ്പീലൊക്കെ പോയി വരുമ്പോൾ കാലതാമസമെടുക്കും. നേരത്തെ വന്ന വിധികൾ പ്രകാരം കിട്ടാനുള്ള തുകയും കിട്ടിയില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്‍റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷനേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്.
പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്‍റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്ക് വിദേശത്തേക്ക് പോകുമ്പോൾ മറ്റൊരാൾക്ക് ചുമതല നൽകണമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി പറഞ്ഞു. കൊവിഡിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ഏകോപനമില്ലെന്നും അദ്ദേഹം വിമർശിച്ചു.