19 January, 2022 10:15:04 AM
സിൽവർ ലൈൻ: ഉദ്ദേശം ഭൂമി കച്ചവടവും; കോട്ടയം സ്റ്റേഷൻ കായലിലാണെന്നും റിപ്പോർട്ട്
തിരുവനന്തപുരം: അതിവേഗ യാത്രക്ക് പുറമെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൂടി സിൽവർ ലൈൻ ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോർട്ട്. പദ്ധതിയുടെ രണ്ടാം പ്രത്യേക ദൗത്യ കമ്പനി അഥവാ എസ്പിവിയുടെ ഉദ്ദേശ്യം പൂർണ്ണമായും ഭൂമി വികസനമാണെന്ന് പദ്ധതിരേഖയിൽ പറയുന്നു. അതേ സമയം അതിവേഗപദ്ധതിയുടെ കോട്ടയം സ്റ്റേഷൻ ഉണ്ടാക്കേണ്ടത് ഡിപിആർ പ്രകാരം കായലിലാണെന്നും റിപ്പോർട്ട്.
64000 കോടിയിലേറെ മുതൽമുടക്കുള്ള അതിവേഗ പാത ടിക്കറ്റ് നിരക്ക് കൊണ്ടുമാത്രം എങ്ങനെ ലാഭത്തിലാകുമെന്ന ചോദ്യം തുടക്കം മുതൽ വിമർശകർ ഉയർത്തുന്നുണ്ട്. ടിക്കറ്റ് വരുമാനത്തിന് പുറമെ ഭൂമിഇടപാടുകളും പദ്ധതിയുടെ ഭാഗമാണെന്ന് ഡിപിആർ തന്നെ പറയുന്നു. രണ്ട് എസ് പിവികളാണ് രൂപീകരിക്കേണ്ടത്.. ഒന്ന് പൂർണ്ണമായും അതിവേഗപാതക്ക് മാത്രം. രണ്ടാം എസ്പിവി ഭൂമി ഇടപാടുകൾക്ക് മാത്രം. സ്റ്റേഷനുകൾക്കായി ഏറ്റെടുക്കുന്ന ഭൂമിക്കൊപ്പമുള്ള സ്ഥലങ്ങൾ ചേർത്ത് ഒരു ലാൻഡ് ബാങ്ക് ഉണ്ടാക്കണമെന്നാണ് നിർദ്ദേശം. അതായത് ഏറ്റെടുക്കുന്ന ഭൂമി റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കു കൂടി ഉപയോഗിച്ച് വരുമാനം കണ്ടെത്തും.
ആദ്യ ഘട്ടത്തിൽ,കിലോ മീറ്ററിന് 2.75 പൈസ എന്ന നിരക്കിൽ പദ്ധതി ലാഭമാകാനിടയില്ലെന്നാണ് വരികൾക്കിടയിലൂടെ ഡിപിആർ തന്നെ പറയുന്നത്. റിയൽ എസ്റ്റേറ്റ് എന്ന് സമ്മതിക്കുന്നില്ലെങ്കിലും പദ്ധതിയുടെ ഭാഗമായുള്ള ഭൂമിയുടെ ക്രയവിക്രയം സാധാരണ വൻകിട പദ്ധതികളുടെ ഭാഗമാണെന്നാണ് കെ റെയിൽ വിശദീകരണം.
പദ്ധതി ഉണ്ടാക്കുന്ന പരിസ്ഥിതികപ്രശൻ്ങ്ങൾ പലതും ഡിപിആർ തന്നെ സമ്മതിച്ചതിന് പുറമെ കോട്ടയം സ്റ്റേഷൻ അടയാളപ്പെടുത്തിയത് കായലിലാണെന്ന വിവരവും പുറത്തായി. കായലിൽ എങ്ങിനെ സ്റ്റേഷൻ ഉണ്ടാക്കുമെന്നതാണ് ചോദ്യം. ഡിപിആറിലെ അക്ഷാംശവും രേഖാംശവും പരിശോധിച്ചാൽ അടയാളപ്പെടുത്തിയത് കായലിന്റെ ഒത്ത നടുക്ക്. സാങ്കേതികമായ പിശകാണോ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് കെ റെയിൽ പറയുന്നത്. നേരത്തെ വെള്ളപ്പൊക്കം ഉണ്ടായാൽ കൊല്ലം സ്റ്റേഷനനും യാർഡും മുങ്ങുമെന്ന് പദ്ധതി രേഖയിൽ തന്നെ പറഞ്ഞിരുന്നു. കൊല്ലത്ത് അയത്തിൽ തോടിന്റെ ഘടന തന്നെ മാറ്റിമറിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കോട്ടയത്തെ കായൽ സ്റ്റേഷൻ.