18 January, 2022 12:29:09 PM
ടി.പി.ചന്ദ്രശേഖരന് വെട്ടേറ്റു വീണിടത്തു മ്യൂസിയം വരുന്നു
വടകര: ആര്‍എംപിഐ നേതാവ് ടി.പി.ചന്ദ്രശേഖരന് വെട്ടേറ്റു വീണിടത്തു സ്മാരക സ്ക്വയര്‍ ഉയരുന്നു. ശിലാസ്ഥാപനം 19ന് വള്ളിക്കാട്ട് ആര്‍എംപി ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു നിര്‍വഹിക്കുമെന്നു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടിപി കൊല്ലപ്പെട്ട വള്ളിക്കാട്ട് രണ്ടര സെന്റ് സ്ഥലം വിലക്കെടുത്താണ് സ്ക്വയര്‍ പണിയുന്നത്. ടിപി കൊല്ലപ്പെട്ട സ്ഥലത്തു നിര്‍മിച്ച സ്തൂപം പല തവണ തകര്‍ക്കപ്പെട്ടിരുന്നു. ഇപ്പോഴും പോലീസ് കാവല്‍ തുടരുന്നുണ്ട്. അനശ്വര രക്തസാക്ഷി സ്മരണയ്ക്ക് അര്‍ഹമായ സ്മൃതി കേന്ദ്രമാണ് ഒരുക്കുന്നതെന്നു നേതാക്കള്‍ പറഞ്ഞു.
ടി.പി ഉപയോഗിച്ച ബൈക്ക്, വാച്ച്, പേന, കൊല്ലപ്പെടുമ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍, രക്തം കലര്‍ന്ന മണ്ണ് ഉള്‍പ്പെടെ അനുഭവങ്ങള്‍ മുഴുവന്‍ കോര്‍ത്തിണക്കുന്ന മ്യൂസിയമായിരിക്കുമെന്ന് ആര്‍എംപി ഭാരവാഹികളായ ടി.കെ. സിബി, കെ.കെ. സദാശിവന്, വി.പി. ശശി എന്നിവര്‍ പറഞ്ഞു. ശിലാസ്ഥാപന ചടങ്ങില്‍ സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍, എം.ശ്രീകുമാര്‍, ടി.എല്‍. സന്തോഷ്, കെ.സി. ഉമേഷ്ബാബു, കെ.കെ. രമ എംഎല്‍എ ഉള്‍പ്പെടെ വിവിധ തുറകളിലുള്ള ഒട്ടേറെ പേര് സംബന്ധിക്കും.