14 January, 2022 02:27:15 PM
നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റർ അനുപമ; വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ. ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നത്. കേസിൽ ഒരു സാക്ഷിപോലും കൂറുമാറിയിരുന്നില്ല.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശിക്ഷ ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര് ജിതേഷ് ജെ. ബാബു വ്യക്തമാക്കി. അതേസമയം, നിയമ പോരാട്ടം തുടരുമെന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും ബിഷപ്പിനെതിരേയുള്ള പരാതിക്കാരിയുടെ സഹപ്രവർത്തകയായ സിസ്റ്റർ അനുപമ. കേസിൽ അപ്പീലിന് പോകും. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു.
കന്യാസ്ത്രീ നൽകിയ പരാതിയിൽ ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാണന്ന കോടതിയുടെ വിധി വന്നപ്പോൾ ബിഷപ് ഫ്രാങ്കോ പിന്നീടുന്നത് മൂന്നു വർഷത്തിലേറെ നീണ്ട പോരാട്ടം. കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണു കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. വിധി കേട്ടതിനു ശേഷം വികാരനിർഭരനായ ബിഷപ് കോടതിക്കു പുറത്തിറങ്ങി തന്റെ അഭിഭാഷകരെ ആലിംഗനം ചെയ്തു പൊട്ടിക്കരഞ്ഞു. വിധി കേട്ടതിനു ശേഷം ദൈവത്തിനു സ്തുതി എന്നാണ് ബിഷപ് പറഞ്ഞത്.
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ രാവിലെ ഒന്പതിനു തന്നെ കോടതിയിലെത്തിച്ചിരുന്നു. പീഡനം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്. 2,000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഒരു സാക്ഷി പോലും കേസിൽ കൂറുമാറിയില്ല.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി.
പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ. രാമൻപിള്ള, സി.എസ്. അജയൻ എന്നിവരുമാണു ഹാജരായത്.
2018 ജൂണിലാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. വൈക്കം മുൻ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ചു. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ ആരംഭിച്ചെങ്കിലും പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു.
വിധി പ്രഖ്യാപനം കേട്ടശേഷം വികാരഭരിതനായ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ദൈവത്തിനു സ്തുതി എന്നാണ് പറഞ്ഞത്. തന്റെ അഭിഭാഷകരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ നന്ദി പ്രകടമാക്കിയത്. വിധി കേട്ടതിനു ശേഷം നിരവധി പേരാണ് ബിഷപിനു പിന്തുണയുമായി എത്തിയത്. വിവിധയിടങ്ങളിൽനിന്നു കോടതി പരസരത്തു വിശ്വാസികൾ എത്തിച്ചേർന്നിരുന്നു. ലഡു അടക്കമുള്ള മധുര വിതരണവും കോടതി പരിസരത്തു നടത്തി.