10 January, 2022 01:23:55 PM


സ്കൂളുകൾ ഉടൻ അടക്കില്ല: രാത്രികാല കര്‍ഫ്യൂവും ഇല്ല; ആൾക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം, പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആൾക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസുകൾ പരമാവധി ഓണ്‍ലൈൻ ആക്കാനും നിർദേശമുണ്ട്. കല്യാണം - മരണം ചടങ്ങുകളിൽ 50 പേർ മാത്രമേ അനുവദിക്കൂ. നേരെത്തെ 75 പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി. അടുത്ത അവലോകന യോഗം സ്ഥിതി വീണ്ടും ചർച്ച ചെയ്യും.

കേരളത്തിൽ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോ​ഗികൾ ഇപ്പോൾ 6000നും മുകളിലാണ് . ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വർധന ഉണ്ട്. കൊവിഡ് കൂടുതൽ പടരുന്നതിന്റെ സൂചനയാണിത്. ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്.

സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന. കുട്ടികളിൽ രോ​ഗം ​ഗുരുതരമാകാനുള്ള സാഹചര്യം കുറവാണെങ്കിലും കൊവിഡ് പടരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലായിരിക്കും സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നീക്കം. സ്കൂളുകളിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വന്നേക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K