04 January, 2022 12:10:53 PM


'മാപ്പ് സാക്ഷിയുടെ മൊഴി ആധികാരികമല്ല'; ഉത്ര കൊലക്കേസ് പ്രതി സൂരജ് ഹൈക്കോടതിയിൽ



കൊച്ചി: ഉത്ര കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച വിചാരണ കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ല എന്നാണ് സൂരജിന്‍റെ വാദം. വിദഗ്ധ സമിതിയുടെ പേരിൽ ഹാജരാക്കിയ തെളിവുകൾ ആധികാരികമല്ലെന്നും പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജിന്‍റെ അപ്പീലില്‍ പറയുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിന് ശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുക. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതുമാണ് വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K