02 January, 2022 09:33:25 AM
ഫെബ്രുവരി മുതൽ തദ്ദേശ സ്വയംഭരണത്തിന് ഒറ്റവകുപ്പ് - മന്ത്രി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജൻസികളുമായി പരന്നുകിടക്കുന്ന ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീർക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഗ്രാമപഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും നഗരകാര്യത്തിനും എൻജിനിയറിംഗിനും നഗരഗ്രാമാസൂത്രണത്തിനും വ്യത്യസ്ത വകുപ്പുകളും ജില്ലാ പഞ്ചായത്തുകൾക്ക് ഗവൺമെന്റ് സെക്രട്ടറിയേറ്റുമെന്നതാണ് നിലവിലുള്ള അവസ്ഥ. ഓരോ തുരുത്തുകളിലെന്ന പോലെ വ്യത്യസ്ത വകുപ്പുകൾ നിലനിൽക്കുന്നത്.
സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങൾക്ക് ഏറ്റവും സുതാര്യമായ സേവനം വേഗത്തിൽ ലഭ്യമാവുമെന്ന് ഉറപ്പുവരുത്താനും സൗഹാർദ്ദപരമായ സമീപനങ്ങളിലൂന്നുന്ന ജനകീയ ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്താനും വകുപ്പ് സംയോജനത്തിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വകുപ്പ് ഏകീകരണം നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരിമാസം മൂന്നാം വാരത്തിൽ വകുപ്പ് ഏകീകരണത്തിന്റെ പ്രഖ്യാപനവും സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും നിർവഹിക്കും. വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സ്പെഷൽ റൂൾസിന്റെ പിഎസ്സി പരിശോധന ഏകദേശം പൂർത്തിയായി. അടുത്തുതന്നെ അത് സംബന്ധിച്ച അംഗീകാരം പിഎസ്സിയിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വിശദീകരിച്ചു.