01 January, 2022 12:35:02 PM
ഡി ലിറ്റ്: ഗവര്‍ണര്‍ക്ക് അധികാരമില്ല; ശുപാര്‍ശ ചെയ്തത് തെറ്റ് - വി ഡി സതീശന്‍
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വ്വകലാശാല പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
എന്നാല്‍ ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചു. ഇത് ഇടതുപക്ഷ സര്‍ക്കാരല്ലെന്നും വലതുപക്ഷ ആഭിമുഖ്യമാണ് സര്‍ക്കാരിനെന്നും സതീശന്‍ പറഞ്ഞു. മദ്യവുമായി പോയ വിദേശ പൗരനെ പൊലീസ് തടഞ്ഞ സംഭവത്തിലും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രൂക്ഷ വിമര്‍ശനം നടത്തി. ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലീസെന്നും പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച്ച സംസ്ഥാന സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് 23 നായിരുന്നു പരിപാടി. രാവിലെ പി എൻ പണിക്കർ പ്രതിമ അനാച്ഛാദനം മാത്രമായിരുന്നു ഔദ്യോഗിക ചടങ്ങ്. ഈ ദിവസം ഡി ലിറ്റ് നൽകാനായിരുന്നു ഗവർണറുടെ ശുപാർശ എന്നാണ് നേരത്തെ ഉയർന്ന സൂചനകൾ. സാധാരണ നിലയിൽ ഓണററി ഡി ലിറ്റ് നൽകേണ്ടവരുടെ പേര് സിണ്ടിക്കേറ്റ് യോഗത്തിൽ വിസിയാണ് വെക്കാറ്. ചാൻസലര്‍ ശുപാർശ ചെയ്തെങ്കിൽ അതും പറയാം. സിണ്ടിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവർണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നൽകാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.