31 December, 2021 06:36:08 PM
കെ റെയിൽ സമ്പന്നർക്കുവേണ്ടി; വിമർശിച്ചാൽ വർഗീയ വാദിയാക്കുന്നു - വി ഡി സതീശൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ പദ്ധതി എത്ര പരാജയമാകുമെന്ന് ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി വിജയിക്കണമെങ്കിൽ ബസ് ചാർജ് കൂട്ടേണ്ടി വരും. ദേശീയപാത വികസിപ്പിക്കാതിരിക്കണം. അഥവാ വികസിപ്പിച്ചാൽ ടോൾ നിരക്ക് കൂട്ടേണ്ടി വരും. ട്രെയിനിൽ എസി ക്ലാസ് ടിക്കറ്റുകളുടെ തുക വർധിപ്പിക്കേണ്ടിയും വരും. എങ്കിൽ മാത്രമേ സിൽവർ ലൈനിൽ ആള് കയറൂവെന്ന് വിഡി സതീശൻ പറഞ്ഞു. ഇത് വരേണ്യ വിഭാഗത്തിന് മാത്രം വേണ്ട പദ്ധതിയാണെന്നാണ് തെളിയുന്നത്. അതിനാൽ തന്നെ ജനവിരുദ്ധ പദ്ധതിയെന്ന് ആവർത്തിച്ച് ബോധ്യമാകുന്നുവെന്ന് സതീശന്‍ ചൂണ്ടികാട്ടി. ഈ സർക്കാർ ഇടതുപക്ഷം തന്നെയാണോ? കോർപ്പറേറ്റ് ആഭിമുഖ്യം ഇടത് സർക്കാരിനെ സ്വാധീനിച്ചുവെന്നതിന് തെളിവാണ് കെ റെയിൽ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ റെയിൽ വന്നാൽ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ താറുമാറാകും. പദ്ധതി നടപ്പാക്കാൻ സ൪ക്കാ൪ വാശി പിടിച്ചാൽ നടപ്പിലാക്കില്ലെന്ന വാശിയോടെ തന്നെ പ്രതിപക്ഷ൦ മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ബോധവത്കരിക്കാൻ യുഡിഎഫിന് കഴിവുണ്ട്. ലഘുലേഖ വിതരണമടക്കം വരു൦ ദിവസങ്ങളിൽ തുടങ്ങു൦. വിമ൪ശിക്കുന്നവരെ വ൪ഗീയവാദികളാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഡിബി വായ്പയെ എതിർത്തവരാണ് കേരളത്തിലെ ഇടതുപക്ഷം. കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ വിദേശ വായ്പക്ക് വ്യവസ്ഥകളെന്താണ് എന്നതിൽ യാതൊരു വ്യക്തതയുമില്ല. സംസ്ഥാന സർക്കാർ ഹുങ്കുമായി വന്നാൽ പ്രതിരോധിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.