26 December, 2021 08:14:54 PM
കിഴക്കമ്പലം അക്രമം: പ്രത്യേക അന്വേഷണ സംഘം; പെരുമ്പാവൂർ എഎസ്‍പിക്ക് ചുമതല
കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതും ജീപ്പുകൾ നശിപ്പിച്ചതും. അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ഉണ്ടായ തർക്കം റോഡിലേക്കും നീണ്ടപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത്നാട് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടുത്തിയത്.
പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ക്യാമ്പുകൾ റെയ്ഡ് ചെയ്ത പൊലീസ് സംഘം 150ലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ വി ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിൽസയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.