23 December, 2021 03:03:51 PM


കരോള്‍: 'രാത്രി 10 കഴിഞ്ഞ് ഇറങ്ങിയാല്‍ ക്രിസ്തുമസ് പപ്പാ അടക്കം അകത്താവും'; വസ്തുത



കൊച്ചി: ക്രിസ്തുമസ് കരോളിന് നിയന്ത്രണം എന്ന വാര്‍ത്ത നാട്ടുകാര്‍ക്കിടയില്‍ ഏറെ ആശങ്ക പടര്‍ത്തിയിരിക്കുകയണ്. രാത്രി പത്ത് മണിക്ക് ശേഷം കരോളിനിറങ്ങിയാല്‍ കരോള്‍ സംഘത്തിലുള്ളവര്‍ അറസ്റ്റിലാവുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രചാരണം. പത്രവാര്‍ത്തയോട് സമാനമായ ചിത്രമാണ് വ്യാപക പ്രചാരം നേടിയിട്ടുള്ളത്. കരോള്‍ നടത്തുന്നത് സംബന്ധിച്ച് കേരള പൊലീസ് നിയന്ത്രണങ്ങളെന്താണ്, പ്രചാരണത്തിലെ സത്യമെന്താണ്?

കൊവിഡ് മഹാമാരി കൊണ്ടുപോയ ക്രിസ്തുമസ് ആഘോഷങ്ങള്‍ സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ക്രിസ്തുമസ് എത്തിയത്. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും കരോള്‍ സംഘങ്ങള്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതിനിടയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കേരള പൊലീസിന്‍റെ നിയന്ത്രണമെന്ന രീതിയിലുള്ള പ്രചാരണമെത്തുന്നത്. കരോള്‍ പോകുന്ന സംഘങ്ങള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്നും കരോളുമായി എത്തുന്ന വീടുകളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പ്രചാരണത്തില്‍ പറയുന്നത്.


പ്രചാരണം വ്യാപകമായതോടെ കരോള്‍ സംഘങ്ങള്‍ ആശയക്കുഴപ്പത്തിലാവുകയും ചെയ്തു. എന്നാല്‍ കരോള്‍ സംഘങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് കേരള പൊലീസിന്‍റെ സ്റ്റേറ്റ് മീഡിയ സെന്‍റര്‍ വിശദമാക്കുന്നത്. ക്രിസ്തുമസ് പപ്പാ അടക്കമുള്ളവര്‍ അകത്തുപോവുമെന്ന പ്രചാരണം വ്യാജമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും തയ്യാറാക്കുന്നതും കുറ്റകരമാണെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ വിശദമാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K