15 December, 2021 01:33:51 PM


സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസം: പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് വിസിയായി തുടരാം,



കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലില്‍ സ്വീകരിക്കാതെ സിംഗിൾ ബഞ്ച് തള്ളി. ജസ്റ്റിസ് അമിത് റാവലിന്‍റേതാണ് ഉത്തരവ്. കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. 

വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ തന്നെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്നും ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ ആരാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ തുറന്ന് പറഞ്ഞിരുന്നില്ല. 

എന്നാൽ പുതിയ വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി റദ്ദാക്കി കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആ‍ർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് വിവിധ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിസി നിയമനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിറ്റേന്നാണ് മന്ത്രിയുടെ ശുപാര്‍ശക്കത്ത് പുറത്തായത്. 

കത്തില്‍ പറയുന്നതിങ്ങനെ: ഗോപിനാഥ് രവീന്ദ്രന്  മികച്ച അക്കാദമിക പാരമ്പര്യമുണ്ട്. അതുകൊണ്ട് വിസി നിയമനത്തിന് രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണം. ക്ഷണിച്ച വിജ്ഞാപനം റദ്ദാക്കണം. വിസിക്ക് പുനര്‍ നിയമനം നല്‍കണം. പ്രോ ചാൻസിലര്‍ എന്നുള്ള പദവി ഉപയോഗിച്ച് കൊണ്ടാണ്  ഈ കത്തെന്ന് പ്രൊഫസര്‍ ബിന്ദു സൂചിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രോ ചാൻസിലര്‍ക്ക് ഇത്തരത്തില്‍ ചാൻസിലര്‍ക്ക് കത്ത് നല്‍കാനുള്ള യാതൊരു വിധ അധികാരവുമില്ല. ചട്ട പ്രകാരം ചാൻസിലര്‍ സ്ഥലത്തില്ലാത്ത സമയത്ത് മാത്രമാണ് പ്രോചാൻസിലര്‍ക്ക് ഇടപെടാനുള്ള അധികാരം. അപ്പോഴും നിയമന കാര്യങ്ങളില്‍ ഒരു ശുപാര്‍ശ പോലും പറ്റില്ല. പക്ഷപാതപരമായി പെരുമാറില്ലെന്ന സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ് മന്ത്രിയുടെ കത്ത്.

ഇത് ചൂണ്ടിക്കാട്ടി ആർ ബിന്ദുവിനെതിരെ മുൻ പ്രതിപക്ഷ നേതാവ് ഇന്ന് ലോകായുക്തയിൽ പരാതി നൽകാനിരിക്കുകയാണ്. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി. ചട്ടം ലംഘിച്ച് നിയമനം നൽകാൻ മന്ത്രി ഇടപെട്ടതിനാൽ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. സമാനമായ പരാതിയിലാണ് മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ ലോകായുക്ത ഉത്തരവുണ്ടായത്. അതിനാൽ ബിന്ദുവിനെതിരെയുള്ള പരാതി നിർണായകമാണ്. ചട്ടം ലംഘിച്ച് നൽകിയ നിയമത്തിനെതിരെ നിയമനടപടി തുടങ്ങുന്നതിന്‍റെ ഭാഗമായാണ് ലോകായുക്തയിൽ പരാതി നൽകുന്നത്. ബിന്ദു രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാദത്തെ കുറിച്ച് ബിന്ദു ഇതേവരെ പ്രതികരിച്ചിട്ടില്ല. 

സര്‍ക്കാര്‍ - ഗവർണർ പോരിനിടെ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന കത്ത് പുറത്തുവന്നതോടെ സർക്കാർ വലിയ പ്രതിരോധത്തിലായിരുന്നു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി, നിയമന നടപടികള്‍ മരവിപ്പിച്ച് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കണമെന്ന് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വലിയ കുരുക്കാകും. മന്ത്രി സ്വജന പക്ഷപാതം കാണിച്ചതിന് വേറെ തെളിവ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. സെര്‍ച്ച് കമ്മിറ്റി നിലവിലുണ്ടായിട്ടും ഗോപിനാഥ് രവീന്ദ്രനാണ് യോഗ്യതയെന്ന് മന്ത്രി എങ്ങനെ കണ്ടെത്തി എന്ന ചോദ്യവും പ്രധാനം. 

വിസി നിയമനത്തിനായ അപേക്ഷിച്ചവര്‍ക്ക് എന്താണ് അയോഗ്യത? എന്ത് കൊണ്ട് സെര്‍ച്ച് കമ്മിറ്റി പിരിച്ച് വിടുന്നു? ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. കൃത്യമായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രിയും സര്‍ക്കാരും വഴി വിട്ട്  ശ്രമിച്ചതിന്‍റെ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നത്. എന്നാൽ ഗവർണറോട് നേരിട്ട് ഏറ്റുമുട്ടേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലുള്ള വിസി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സാഹചര്യത്തിലാണ് പുനര്‍ നിയമനത്തിന് കത്ത് നല്‍കിയതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K