11 December, 2021 10:06:06 PM
'ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട; പിണറായിയെ മുട്ടുകുത്തിക്കും' - കെ പി എ മജീദ് എംഎൽഎ

മലപ്പുറം: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിലെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്തതിനെതിരെ മുസ്ലീം ലീഗിന്‍റെ മുതിർന്ന നേതാവും തിരൂരങ്ങാടി എംഎൽഎയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പൊലീസിന്‍റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കണ്ടെന്ന് മജീദ് പറഞ്ഞു.
ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ് മുസ്ലീം ലീഗുകാരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്ലീം ലീഗ് ഒരു പോർമുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. മുഖ്യമന്ത്രി പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും പിന്തിരിഞ്ഞോടേണ്ടി വരുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.
നേരത്തെ വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തിരുന്നു. സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് അബ്ദുറഹ്മാൻ കല്ലായിക്കെതിരായ കേസ്. സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എപി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. കല്ലായിക്കെതിരെ ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.