10 December, 2021 11:30:28 AM
എതിരില്ലാതെ 'അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍, ഔദ്യോഗിക പാനലിനെതിരേ മണിയൻ പിള്ള
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിലേക്കു മോഹൻലാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രധാന സ്ഥാനങ്ങളിലേക്കു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കാണ് മത്സര നടക്കുന്നുണ്ട്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും തുടരും. എട്ടാം തവണയാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുന്നത്. സിദ്ധീക്ക് (ട്രഷറര്‍), ജയസൂര്യ (ജോ.സെക്രട്ടറി) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷന് പിന്‍വലിക്കേണ്ട അവസാന തീയതി ഇന്നലെ അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞത്.
ഡിസംബര്‍ 19ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വൈകിട്ട് മൂന്നരയോടെ ഫലം പ്രഖ്യാപിക്കും. രണ്ട് വൈസ് പ്രസിഡന്റുമാര്‍ വേണ്ട സ്ഥാനത്തേക്ക് മത്സര രംഗത്തു മൂന്നു പേരാണുള്ളത്. ശ്വേത മേനോന്, ആശാ ശരത് എന്നിവര്‍ മോഹന്‍ലാലിന്റെ പാനലിലും മണിയന് പിള്ള രാജു സ്വതന്ത്രനായും മത്സര രംഗത്തുണ്ട്.
11 പേര് തെരഞ്ഞെടുക്കപ്പെടേണ്ട എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേര് മത്സരിക്കുന്നുണ്ട്. ബാബുരാജ് ജേക്കബ്, ഹണി റോസ്, ലെന, മഞ്ജു പിള്ള, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന. സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന് എന്നിവരാണ് ഔദ്യോഗിക പാനലില്‍. ലാല്‍, നസീര്‍ ലത്തീഫ്, വിജയ് ബാബു എന്നിവരാണ് ഈ പാനലിനെതിരേ മത്സരരംഗത്തുള്ളത്.