05 December, 2021 09:01:19 PM
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്; മമ്പറം പാനലിന് വൻ തോൽവി

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസ് സ്വന്തമാക്കി. മമ്പറം ദിവാകരൻ്റെ പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു. ഇതോടെ 29 വർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരന് ആശുപത്രി നേതൃത്വത്തിൽനിന്ന് നിന്ന് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. മമ്പറത്തിന്‍റെ പതനം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ രാഷ്ട്രീയ വിജയം കൂടിയാണ്.
വിവാദമായ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ചെടുക്കാനായത് കെ സുധാകരന്റെ രാഷ്ട്രീയ വിജയം കൂടിയാണെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ പറയുന്നത്. പ്രധാന വൈരിയായ മമ്പറം ദിവാകരന്റെ പരാജയം കെ പി സി സി അധ്യക്ഷൻ നേരിട്ട് ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഫലമാണ്. പരാജിതനാണെങ്കിലും മമ്പറം ദിവാകരന്റെ തുടർ രാഷ്ട്രീയ നീക്കം ജില്ല ഗൗരവത്തോടെയാണ് ഉറ്റു നോക്കുന്നത്.
തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് കെ സുധാകരനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു. എല്ലാ ഘട്ടത്തിലും അഭിപ്രായഭിന്നത പരസ്യമാക്കിയ മമ്പറം ദിവാകരനെ ഭരണ സമിതിയിൽ നിന്ന് പുറത്താക്കുന്നതിന് കെ സുധാകരൻ തന്നെയാണ് നേരിട്ട് കരുക്കൾ നീക്കിയത്. എന്നാൽ മമ്പറം ദിവാകരൻ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കെ സുധാകരൻ തയ്യാറായതുമില്ല. ഫലപ്രഖ്യാപനം വന്നപ്പോൾ അമിതമായ ആഘോഷ പ്രകടനങ്ങൾ വേണ്ടെന്ന് ഡിസിസി ഭാരവാഹികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കെ സുധാകരനുമായി പരസ്യ പോര് പ്രഖ്യാപിച്ച മമ്പറം ദിവാകരന് ഇനി കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ആകുമോ എന്നത് സംശയമാണ്. അദ്ദേഹത്തെ എൻസിപിയിൽ എത്തിക്കാൻ പിസി ചാക്കോ ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്നതായാണ് വിവരം. എന്നാൽ കോൺഗ്രസ് വിട്ട് എങ്ങോട്ടും പോകില്ല എന്നാണ് മമ്പറം ദിവാകരൻ ആണയിട്ട് പറയുന്നത്. തനിക്കെതിരെ ഉയർന്ന പാർട്ടിയിലെ പ്രതിയോഗിയെ വെട്ടിമാറ്റിയ കെ സുധാകരൻ കണ്ണൂർ കോൺഗ്രസിൽ എതിരില്ലാത്ത കരുത്തനാണ് എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് ഫലം.