01 December, 2021 11:18:35 AM
മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: പരാതിക്കാര്‍ക്ക് ഇഡിയുടെ നോട്ടീസ്

കൊച്ചി: മോന്സന് മാവുങ്കിലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പരാതിക്കാര്‍ക്ക് ഇഡി നോട്ടീസ് അയച്ചു. തട്ടിപ്പു സംബന്ധിച്ച രേഖകളുമായി മൊഴിയെടുപ്പിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. പരാതിക്കാരനായ യാക്കൂബിന് ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയതിvg വിദേശ മലയാളി അനിത പുല്ലയിലിനെതിരേ ക്രൈംബ്രാഞ്ച് കേസ് എടുത്തു. ചാനൽ ചർച്ചയ്ക്കിടെയാണ് അനിത പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയത്. സംഭവത്തിൽ അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിക്കും.
മോൻസൻ മാവുങ്കലിന്റെ അടുത്ത സുഹൃത്തായ അനിത പിന്നീട് മോൻസനുമായി തെറ്റിപ്പിരിഞ്ഞിരുന്നു. മുൻ ഡിജിപി ലോക്നാഥ് ബഹ്റ അടക്കമുള്ളവർക്കു മോൻസനെ പരിചയപ്പെടുത്തിയത് അനിതയാണന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, പ്രവാസി സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് മോൻസനെ പരിചയപ്പെട്ടതും പരിചയപ്പെടുത്തിയതുമെന്നാണ് അനിത പുല്ലയിൽ മാധ്യമങ്ങളോടു പറഞ്ഞത്.