29 November, 2021 04:38:43 PM
വൃദ്ധസദനത്തിലെ 67 പേർക്ക് കോവിഡ്; പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കി
മുംബൈ: വൃദ്ധസദനത്തിലെ 67 അന്തേവാസികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം സർക്കാർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിതി ചെയ്യുന്ന വൃദ്ധസദനത്തിലാണ് കൂട്ടത്തോടെ ആളുകൾക്ക് കോവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
109 അന്തേവാസികളാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഭുരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ സംഘം എത്തി എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. രണ്ടാം തരംഗം നിയന്ത്രണ വിധേയമായി മുന്നോട്ടുപോകുന്നതിനിടെ ഒരിടത്ത് ഇത്രയധികം രോഗികളുണ്ടായ ആശങ്കയിലാണ് മഹാരാഷ്ട്ര സർക്കാർ.
രോഗബാധിതരായ വയോധികരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. ഒമിക്രോണ്‍ വകഭേദം പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ് മഹാരാഷ്ട്രയിൽ പുലർത്തുന്നത്. കർശന ജാഗ്രതാ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിട്ടുമുണ്ട്.