29 November, 2021 08:26:27 AM
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്: വിജയം ഉറപ്പാക്കി ജോസ് കെ. മാണി

തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്നു നടക്കും. എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോണ്ഗ്രസ്- എമ്മിലെ ജോസ്.കെ. മാണിയും യുഡിഎഫ് സ്ഥാനാർഥിയായി കോണ്ഗ്രസിലെ ശൂരനാട് രാജശേഖരനുമാണു മത്സരിക്കുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ അംഗസംഖ്യപ്രകാരം ജോസ് കെ. മാണിക്കു വിജയിക്കാനാകും.
ഇന്നു രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയാണു തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ സഭയിൽ എൽഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 പേരുമാണുള്ളത്. മുന്നണികൾ വിപ്പ് നൽകിയ സാഹചര്യത്തിൽ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ ശേഷം പാർട്ടിയുടെ ഇൻ ഹൗസ് ഏജന്റിനെ കാണിക്കേണ്ടതുണ്ട്.
എൽഡിഎഫിന് സി.കെ. ഹരീന്ദ്രനും ഐ.ബി. സതീഷും യുഡിഎഫിന് അൻവർ സാദത്തും സജീവ് ജോസഫുമാണ് ഇൻഹൗസ് ഏജന്റുമാർ. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണും. അരമണിക്കൂറിനുള്ളിൽ ഫലപ്രഖ്യാപനം നടത്തും. യുഡിഎഫ് പിന്തുണയോടെയാണ് 2018ൽ ജോസ് കെ. മാണി രാജ്യസഭയിലെത്തിയത്. കേരള കോണ്ഗ്രസ്- എം യുഡിഎഫ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായതോടെ രാജ്യസഭാംഗത്വം രാജിവച്ചു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. 2024 വരെയാണ് കാലാവധി.