28 November, 2021 01:53:13 PM
പാഴ് വസ്തു നീക്കത്തിന് അനുമതി വേണം- കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷൻ
മലപ്പുറം: സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പാഴ് വസ്തുക്കള്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നീക്കം ചെയ്യാന്‍ അനുമതി വേണമെന്ന് കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോ.സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി ലോഡുകണക്കിന് പാഴ് വസ്തുക്കള്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗം അടഞ്ഞുകഴിഞ്ഞു. കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്. രണ്ടുദിവസമെങ്കിലും അനുമതി നല്‍കിയാല്‍ അവര്‍ക്ക് രണ്ടുദിവസത്തെ ജോലി നല്‍കാന്‍ കഴിയും. അതിലുപരിയായി ഇതൊരു സാമൂഹിക പ്രശ്‌നമായി മാറുകയാണ്.
മഴക്കാല പൂര്‍വ ശുചീകരണം നടത്തേണ്ട സമയമാണിത്. ഈ സമയത്ത് ഇത്തരം മാലിന്യങ്ങള്‍ കൃത്യമായി നീക്കിയിട്ടില്ലെങ്കില്‍ രോഗവ്യാപന കേന്ദ്രങ്ങളായി മാറും. നിര്‍മാണ മേഖലക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ നിര്‍മാണവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനു വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഭൂരിഭാഗവും ഈ പാഴ് വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. ഈ ഉത്പാദനം നിലച്ചാല്‍ നിര്‍മാണമേഖലക്കു വേണ്ട വസ്തുക്കളുടെ വിലക്കയറ്റമുണ്ടാവും. ഈ സാഹചര്യത്തില്‍ പാഴ് വസ്തുനീക്കം നിയന്ത്രിതമായി നടത്താന്‍ വേണ്ട നടപടിയുണ്ടാവണമെന്ന് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.