26 November, 2021 04:52:00 PM
സ്ത്രീകൾ താഴ്ന്നവരാണ് എന്ന ചിന്താഗതി വ്യാപകം - മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോഴും സ്ത്രീകൾ താഴ്ന്നവരാണ് എന്ന ചിന്താഗതി തന്നെയാണ് വ്യാപകമായി നിലനിൽക്കുന്നതെന്ന് പട്ടികജാതി-വർഗ, പിന്നാക്ക സമുദായക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. സ്‌ത്രീകൾ ആരുടെയെങ്കിലും ആശ്രിതരായി നിലനിൽക്കേണ്ടവരാണ് എന്ന മനോഭാവം ശക്തമാകാനും ഇത് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന അന്താരാഷ്ട്ര അവബോധ ദിനമായ നവംബർ 25 ന് ഓൾ കേരള ഗവൺമെൻ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എ കെ ജി സി ടി എ ) സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾ ഇന്ന് ലോകത്തെമ്പാടും വിവേചനവും അക്രമവും നേരിട്ടു കൊണ്ടിരിക്കുന്നു. സ്ത്രീകൾ പുരുഷന്മാരുടെ കീഴിൽ നിൽക്കേണ്ടവരാണെന്ന അധമ ചിന്താഗതി പലപ്പോഴും സ്ത്രീകളും പുരുഷന്മാരും ഇക്കാലത്തുംകൊണ്ടു നടക്കുന്നതായിക്കാണാം. ഇതിനെതിരേ സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള പോരാട്ടങ്ങളാണ് അവശ്യം.മന്ത്രി പറഞ്ഞു.
സംസ്ഥാന വനിതാ സബ് കമ്മറ്റി കൺവീനർ ഡോ. സുമി ജോയി ഓലിയപ്പുറം അധ്യക്ഷത വഹിച്ചു. എ.കെ.ജി.സി. ടി. സംസ്ഥാന പ്രസിഡന്റ് ഡോ.എൻ. മനോജ്, ജന.സെക്രട്ടറി ഡോ.എം. സത്യൻ, ഡോ. രേഖ കരീം (മേഖല കൺവീനർ എം.ജി. സർവകലാശാല) ഡോ. ബിന്ദു വെൽ സാർ ( മേഖല കൺവീനർ കേരള സർവകലാശാല) എന്നിവർ സംസാരിച്ചു.