22 November, 2021 11:23:19 PM
ഉത്സവങ്ങൾക്ക് അനുമതി: ആന ഉടമകൾ പ്രക്ഷോഭത്തിലേക്ക്
തൃശൂര്‍: ഉത്സവങ്ങള്‍ പഴയപടി നടത്താന്‍ അനുമതി വേണമെന്നും അനുമതി നൽകിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആന ഉടമകള്‍. ഉത്സവങ്ങള്‍ ഇല്ലാത്തതിനാല്‍ കലാകാരന്മാര് ഉള്‍പ്പെടെയുള്ളവര്‍ പട്ടിണിയിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടാക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ആന ഉടമകള്‍ പറയുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ ഇല്ലതായിട്ട് രണ്ട് വര്‍ഷം കഴിയുന്നു. മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ഉത്സവങ്ങളിലെ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതുമൂലം ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ മേഖകളിലും പ്രതിസന്ധി രൂക്ഷമാണ്. ഉത്സവങ്ങളില്‍ കൂടുതല്‍ ആനകളെ ഉള്‍പ്പെടുത്തി എഴുന്നള്ളിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിലവില്‍ ക്ഷേത്രോത്സവങ്ങളില്‍ അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് അനുമതി. ആചാരപരമായി ഒഴിവാക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ മാത്രമാണ് പുറത്തേക്ക് എഴുന്നള്ളിക്കാന്‍ അനുമതിയുള്ളത്.
കൊവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കാനാകൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൊവിഡ് നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ ഉത്സവങ്ങളില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി വേണമെന്നാണ് ആന ഉടമസ്ഥ സംഘടനകളുടെ ആവശ്യം. നിലവിലെ എഴുന്നള്ളിപ്പുകള്‍ ഇല്ലാതായി വരുമാനം നിലച്ചതോടെ ആനകളുടെ പരിചരണം പ്രതിസന്ധിയിലാണ്. ഉത്സവകാലങ്ങളാണ് കടന്നു പോകുന്നത്. ഈ സമയത്താണ് ഞങ്ങള്‍ ജീവിതം കരുപിടിപ്പിക്കുന്നത്. എന്നാല്‍, ഉത്സവങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആന പരിപാലന തൊഴിലാളികളും ഏറെ ദുരിതത്തിലാണ്. വേതനമില്ലാത്ത സാഹചര്യമാണെന്നും തൊഴിലാളികള്‍ പറയുന്നു.
വരുമാനം നിലച്ചതോടെ ആനയെ പരിപാലിക്കുന്നതിന്റെ ചെലവ് കണ്ടെത്തുക പ്രയാസകരമാണെന്ന് ആന ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ആനയുടെ ഒരു മാസത്തെ ചെലവ് ഒരു ലക്ഷം രൂപയോളം വരും. നിലവില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി നല്കിയാല് മാത്രമേ പ്രതിസന്ധി മാറുകയുള്ളൂ.
ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി ചേര്‍ന്നാണ് ആനകളെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍നടപടി സ്വീകരിക്കുക. ജില്ലാതല മോണിറ്ററിങ് കമ്മിറ്റി അടുത്ത മാസം ചേര്‍ന്നേക്കുമെന്നാണ് സൂചന. കലക്റ്റര്‍ ചെയര്‍മാനായ സമിതിയില്‍ ഡിവിഷന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ആന ഉടമകളുടെ സംഘടനാ പ്രതിനിധികള്‍, പോലീസ് തുടങ്ങി 12 പേരടങ്ങുന്ന സമിതിയാണ് തീരുമാനം കൈക്കൊള്ളുക.