20 November, 2021 12:46:15 PM


ദത്തുകേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബ കോടതി



തിരുവനന്തപുരം: ദത്തുകേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസൻസിന്‍റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റി. 

അതേസമയം അമ്മയറിയാതെ ദത്ത് നല്‍കിയ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. മടങ്ങി വരവിനുള്ള ടിക്കറ്റ് ആന്ധ്രാപ്രദേശ് ദമ്പതികളുടെ വീട്ടിലെ സാഹചര്യം കൂടി നോക്കിയായിരിക്കും ബുക്ക് ചെയ്യുക. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തും. കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.

വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്‍റെയും കു‍ഞ്ഞിന്‍റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ ഫലം വരും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല.  ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K