20 November, 2021 11:26:03 AM
പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍: 18 ദിവസങ്ങള്‍ക്കുള്ളില്‍ 14.55 ലക്ഷം രൂപ വരുമാനം
തിരുവനന്തപുരം: പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി പാര്‍ക്കാന്‍ വിട്ടുകൊടുത്തതോടെ സര്‍ക്കാരിന് ലക്ഷങ്ങളുടെ അധികവരുമാനം. 18 ദിവസങ്ങള്‍ക്കുള്ളില്‍ 14.55 ലക്ഷത്തോളം രൂപ വരുമാനമാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ക്ക് ലഭിച്ചത്.
18 ദിവസങ്ങള്‍ക്കുള്ളില്‍ 2443 മുറികളില്‍ ബുക്കിംഗുണ്ടായി. ഓണ്‍ലൈനിലൂടെ മാത്രം 1894 റൂം ബുക്കിംഗും 12 ലക്ഷത്തോളം രൂപ വരുമാനവുമുണ്ടായി. കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവന്ന് കേരളത്തിലെ എല്ലാ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസുകളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. നവംബര്‍ ഒന്നാം തീയതി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാനിരിക്കെ തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ നടത്തിയ മിന്നല്‍ പരിശോധനയെതുടര്‍ന്ന് മാനേജരെ സസ്പെന്‍ഡ് ചെയ്തിരുന്നു.