19 November, 2021 09:01:50 AM


ഇന്ത്യ-ചൈന അതിർത്തി തർക്കം: ചർച്ചകളിൽ പുരോഗതിയില്ല, അതൃപ്തി അറിയിച്ച് ഇന്ത്യ



ദില്ലി: ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന നയതന്ത്ര സൈനിക ഉദ്യോഗസ്ഥ തല ചർച്ചകളിലും പുരോഗതിയില്ല. ദോക്ലാം, ഹോട്ട്സ് പ്രിംഗ് മേഖലകളിൽ നിന്നുള്ള സമ്പൂർണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന പ്രതികരിച്ചില്ല. ചർച്ചയിൽ പുരോഗതിയില്ലാത്തതിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. സൈനിക പിന്മാറ്റത്തില്‍ പതിനാലാം വട്ട കമാൻഡർ തല ചര്‍ച്ച ഉടന്‍ ചേരാന്‍ തീരുമാനമായതായാണ് ചർച്ചയ്ക്ക് പിന്നാലെ വിദേശ കാര്യമന്ത്രലായം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 

ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹാരം കാണാതെ തുടരുന്നതിനിടെ,  ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്‍റെ മറവില്‍ പല മേഖലകളിലും ചൈനയുടെ കടന്നുകയറ്റം നടക്കുന്നുവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയാണ്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്താന്‍ ലഡാക്കിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനം തുടരുകയാണ്.

ഒരു രാജ്യത്തിന്‍റെയും ഭൂമിയില്‍ അധികാരം സ്ഥാപിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നില്ലെന്നും ഇന്ത്യയിലേക്കും ആരും കടന്നുകയറരുതെന്നും രാജ് നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി. അതിനിടെ ദോക്ലാമില്‍ ഭൂട്ടാന്‍റെ ഭാഗത്തും, അരുണാചല്‍ പ്രദേശില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയായും ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു. സൈനിക വിന്യാസം കൂട്ടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകൾ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K