18 November, 2021 10:18:19 AM
മലയാളിക്ക് ഷോക്ക് ട്രീറ്റ്മെന്റുമായി സർക്കാർ; വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾ സാന്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ വീണ്ടും ഷോക്ക് ട്രീറ്റ്മെന്റ്. സംസ്ഥാനത്ത് വൈദ്യുതി ചാർജും വർധിപ്പിക്കാൻ തീരുമാനിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരക്ക് കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ല. ബോർഡിന്റെ സാന്പത്തിക ബാധ്യത നികത്തണം. റെഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 ശതമാനം വർധന ആവശ്യപ്പെടുമെന്നാണു സൂചന.
നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഹിയറിംഗ് നടത്തി റഗുലേറ്ററി കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപു നിരക്ക് കൂട്ടിയത്. അതേസമയം നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മീഷൻ പിൻവലിച്ചു. ഇതു വൈദ്യുതി ബോർഡിനും ഗാർഹിക ഉപയോക്താക്കൾക്കും ഗുണകരമാകും.