17 November, 2021 04:44:32 PM
പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് ഗോപിനാഥ് മുതുകാട്
കൊച്ചി: പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഇനി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമെന്നും മുതുകാട് മാധ്യമങ്ങളോട് പറഞ്ഞു. 45 വര്‍ഷമായി പ്രൊഫഷണലായി മാജിക് നടത്തിവരികയാണ്. വളരെയധികം ശ്രദ്ധയും പുതിയ ജാലവിദ്യകള്‍ കണ്ടെത്താനും തീവ്രശ്രമവും വേണ്ട ഒന്നാണ് അത്.
എന്നാൽ മാജികില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കുറയും. ഈ കുട്ടികളിലൂടെ ഞാന്‍ ചെയ്ത മാജികിനെക്കാള്‍ വലിയ വലിയ അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ ഷോകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ മാജിക് അക്കാദമി തുടരുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.