11 November, 2021 08:17:52 PM
മുല്ലപ്പെരിയാർ മരംമുറി ഉന്നതർ അറിഞ്ഞ്; കൂടുതൽ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറിക്കുള്ള അനുമതി നൽകിയത് ഉന്നതരുടെ അറിവോടെയാണെന്നതിന് കൂടുതൽ തെളിവുകള്‍ പുറത്ത് വന്നു. സെപ്റ്റംബര്‍ മാസത്തിൽ ചേർന്ന കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിലും കഴിഞ്ഞമാസം ചേർന്ന മേൽനോട്ട സമിതിയോഗത്തിലും മരംമുറിക്കാനുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേരളം അറിയിച്ചതായി മിനിട്ട്സിലുണ്ട്. യോഗത്തിന്‍റെ മിനിട്ട്സുകളുടെ പകർപ്പ് പുറത്ത് വന്നു. സർക്കാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് മരംമുറി ഉത്തരവിറക്കിയതെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരംമുറിയുടെ നിർണായക രേഖകള്‍ പുറത്തുവരുന്നത്.
സെപ്റ്റംബര്‍ 17ന് കേരള-തമിഴ്നാട് സെക്രട്ടറിതല യോഗത്തില്‍ മുല്ലപ്പെരിയാർ ഉൾപ്പടെ അന്തർസംസ്ഥാന നദീജല തർക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. മുല്ലപ്പെരിയാറിനെ കുറിച്ച് യോഗത്തിൽ ചർച്ച വന്നപ്പോൾ വനംസെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് '15 മരങ്ങൾ മുറിക്കാനും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്യണമെന്ന തമിഴ്നാടിന്‍റെ ആവശ്യത്തിലും നടപടികള്‍ മുന്നോട്ടു പോകുകയാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചതാണ് ഇക്കാര്യം'. ഈ യോഗത്തിൽ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉള്‍പ്പെടെ കേരളത്തിൽ നിന്നുള്ള 14 ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാരിന് ആവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിന് ത്രിതല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സില്‍, അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റി, അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്‍ എന്നിങ്ങനെയാണ് ഇത്. നിലവിലുള്ള അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.
അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. വനം വകുപ്പ്, ഊര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും മെമ്പര്‍മാരാകും.
അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ കേരളത്തിന്‍റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ കൗണ്‍സില്‍ എടുക്കും. സുപ്രീംകോടതിയില്‍ അല്ലെങ്കില്‍ അന്തര്‍ സംസ്ഥാന നദീജല ട്രൈബ്യൂണലില്‍ വരുന്ന കേസുകള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സമിതി സ്വീകരിക്കും. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതികളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കലും സമിതിയുടെ ചുമതലയാണ്.
ചീഫ് സെക്രട്ടറി ചെയര്‍മാനായ അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റിയില്‍ ജലവിഭവ, ഊര്‍ജ്ജ, റവന്യൂ, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയര്‍മാനും അന്തര്‍ സംസ്ഥാന നദീജല ചീഫ് എന്‍ജിനീയറും അംഗങ്ങളായിരിക്കും. അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനസമിതിയെ സഹായിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതല. നദീജല കരാറുകള്‍ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടപെടലുകള്‍ ഉറപ്പാക്കലും ചുമതലയാണ്.
അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ ആവശ്യമായ നിയമോപദേശം സ്ട്രാറ്റജിക്ക് കമ്മിറ്റിക്കും മോണിറ്ററിംഗ് കമ്മിറ്റിക്കും നല്‍കുകയാണ് അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്ലിന്‍റെ ചുമതല.