11 November, 2021 08:40:25 AM
കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി; കൊല്ലത്ത് മലവെള്ളപ്പാച്ചിൽ: വ്യാപകനാശം
കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര മേഖലയിൽ കനത്തമഴ. കോട്ടയം കണമല എഴുത്വാപുരയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടു വീടുകൾ തകർന്നു. ഇവിടെ താമസിച്ചിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടലിനെ തുടർന്ന് ബൈപ്പാസ് റോഡ് തകരുകയും ചെയ്തു.
പത്തനംതിട്ട കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്ത് വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയിക്കുന്നത്. ബുധനാഴ്ച പാത്രിയിൽ മേഖലയിൽ കനത്തമഴയാണ് പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചു. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുകയാണ്.
കൊല്ലത്തും കനത്തമഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. കുളത്തുപ്പുഴ അമ്പതേക്കറിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചയോടെ പെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ. ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു