09 November, 2021 04:35:02 PM
സംസ്ഥാനത്ത് മദ്യവില്പന ശാലകൾ കൂട്ടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് മദ്യവില്പന ശാലകൾ കൂട്ടാൻ ആലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 175 മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോയുടെ നിർദ്ദേശം എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കണമെന്നും തിരക്കുള്ള പ്രദേശങ്ങളിലെ മദ്യശാലകൾ മാറ്റി പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വാക് ഇൻ മദ്യശാലകൾ തുടങ്ങണമെന്ന കോടതി നിർദ്ദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വാക് ഇൻ മദ്യശാലകൾ സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ബെവ്കോയുടെ കീഴിൽ 96 എണ്ണവും സിവിൽ സപ്ലൈസിന് കീഴിൽ 26 എണ്ണവുമാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു.