08 November, 2021 10:48:01 AM
മുല്ലപ്പെരിയാർ മരംമുറി: നടപടികൾ നിർത്തിവയ്ക്കാൻ വനം വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിറങ്ങി. സംസ്ഥാന വനം വകുപ്പ് തമിഴ്നാട് സർക്കാരിനു നൽകിയ ഉത്തവിലാണ് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മരംമുറിക്കാൻ അനുമതി നൽകിയ ഉത്തരവിന്മേൽ തുടർനടപടി സ്വീകരിക്കാതെ താത്കാലികമായി മാറ്റിവയ്ക്കാന്‍ വനം പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
മരം മുറിക്കാൻ കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതിക അനുമതിയും വേണം. നിലവിൽ അനുമതികൾ ലഭിച്ചോ എന്നതിൽ വ്യക്തതയില്ല. ഇക്കാരണത്താൽ നടപടികൾ നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തയാറായതെന്നാണ് വിവരം. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രസ്താവന ഇറക്കിയിരുന്നു. മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ വിവരം തമിഴ്നാട് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചുവെന്നായിരുന്നു സ്റ്റാലിൻ പറഞ്ഞത്.