08 November, 2021 10:26:24 AM
വായ്പ കുടിശിക: ആസാം മുൻ മുഖ്യമന്ത്രിയുടെ മകനെ സിബിഐ അറസ്റ്റു ചെയ്തു
ഗുവാഹത്തി: വായ്പ കുടിശിക ആരോപണത്തിൽ ആസാം മുൻ മുഖ്യമന്ത്രി ഹിതേശ്വർ സൈകിയയുടെ മകൻ അശോക് സൈകിയയെ സിബിഐ അറസ്റ്റു ചെയ്തു. സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ന് അദ്ദേഹത്തിന്റെ ദിസ്പൂരിലെ വസതിയിൽ റെയ്ഡ് നടത്തിശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. സൈകിയയെ ചൊവ്വാഴ്ച സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കും.
1998ൽ ആസാം സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആൻഡ് അഗ്രികൾച്ചർ ഡെവലപ്മെന്റ് ബാങ്ക് ജീവനക്കാർ ലോണ്‍ തുക തിരിച്ചടയ്ക്കാത്തതിന് ഗുവാഹത്തിയിലെ പൾട്ടൻ ബസാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. 2001ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. സൈകിയയ്ക്കെതിരെ കേന്ദ്ര ഏജൻസി 2 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു, അതിലൊന്നിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നതുമാണ്. 2011ൽ ഒരു ഒത്തുതീർപ്പിലൂടെ വായ്പ തിരിച്ചടച്ചതായി സൈകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.