05 November, 2021 06:56:42 PM


റിസ്‌ക്ക് ഫണ്ട് ധനസഹായത്തുക വർധിപ്പിക്കും - മന്ത്രി വി.എൻ. വാസവൻ



കോട്ടയം: വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗങ്ങൾ പിടിപെടുകയോ ചെയ്തവർക്ക് നൽകുന്ന റിസ്‌ക്ക് ഫണ്ട് ധനസഹായത്തിന്‍റെ തുക വർധിപ്പിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് ഏറ്റുമാനൂർ വ്യാപാര ഭവനിൽ  നടത്തിയ ഫയൽ തീർപ്പാക്കൽ അദാലത്ത്, റിസ്‌ക്ക് ഫണ്ട് ധനസഹായ വിതരണം ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.  

ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവാതെ സഹകാരികൾക്ക് സമയബന്ധിതമായി റിസ്‌ക്ക് ഫണ്ട് വിതരണം നടത്താനാണ് അദാലത്തുകൾ. ഇതുവരെ 75,552 അപേക്ഷകളിലായി 547 കോടി രൂപ റിസ്‌ക്ക് ഫണ്ട് ധനസഹായമായി വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, മീനച്ചിൽ, വൈക്കം താലൂക്കുകളിൽ നിന്നുള്ള 262 ഫയലുകളാണ് അദാലത്തിൽ തീർപ്പാക്കിയത്. 2.61 കോടി (2,61,89,495 ) രൂപയാണ് റിസ്‌ക്ക് ഫണ്ട് ധനസഹായമായി ചടങ്ങിൽ കൈമാറിയത്. 

മുൻ എം.എൽ .എയും കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ്, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കൽ, ജോയിന്‍റ് രജിസ്ട്രാർ പി. ഷാജി, വ്യാപാരി വ്യവസായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വർക്കി ജോയി, ജോയിന്‍റ് രജിസ്ട്രാർ (ജനറൽ ) എൻ. അജിത് കുമാർ, ജോയിന്‍റ് ഡയറക്ടർ (ഓഡിറ്റ് ) എസ് ജയശ്രീ, അസിസ്റ്റന്‍റ് രജിസ്ട്രാർ (ജനറൽ) രാജീവ് എം. ജോൺ, അസിസ്റ്റന്‍റ് ഡയറക്ടർ (ഓഡിറ്റ് ഇൻ ചാർജ്ജ്) പി.കെ. ബിന്ദു, ബോർഡ് മാനേജർ എസ്. മധുസൂദനൻ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K