03 November, 2021 11:16:37 PM
കേന്ദ്രം കുറച്ചത് പോരാ, കേരളം ഇന്ധനനികുതി കുറയ്ക്കാൻ ആലോചിച്ചിട്ടില്ല - ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ധനത്തിന് എക്സൈസ് ഡ്യൂട്ടി കുറച്ചതിനു പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം നികുതി കുറച്ചത് പോരെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം പ്രത്യേക നികുതിയും സെസും കുറയ്ക്കണം. ലിറ്ററിന് മുപ്പതിലധികം രൂപ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കാൻ ആലോചിച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയിലാണ് കേന്ദ്ര സർക്കാർ ഇന്ന് ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും.രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്