01 November, 2021 04:55:14 PM


ദത്ത് വിവാദം: ഡിഎന്‍എ പരിശോധന നടത്താൻ കോടതി ഉത്തരവ്



തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി ഉത്തരവ്. കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പുനഃപരിശോധിക്കാനും തിരുവനന്തപുരം  കുടുംബ കോടതി ഉത്തരവിട്ടു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ, കുട്ടിയെ ലഭിച്ചപ്പോള്‍ പോലീസിലും മാധ്യമങ്ങളിലും നല്‍കിയ പരസ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിശോധിച്ച് നവംബര്‍ 20ന് മുമ്പ് സത്യവാങ്മൂലം നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് കോടതി നിര്‍ദേശിച്ചു.

ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി എടുക്കാനായിട്ടില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ കാര്യത്തില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട്. സങ്കീര്‍ണമായ കേസില്‍ ഉചിതമായ നിലപാടെടുത്ത സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചു. അതേസമയം ദത്ത് എടുത്തവരുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വിടരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി.

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന അനുപമയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും വാദത്തിനെടുത്തില്ല. മറ്റു കാര്യങ്ങളില്‍ വ്യക്തത വന്നശേഷമേ ഹര്‍ജി പരിഗണിക്കൂ. അതേസമയം പുതുക്കിയ ദത്ത് ലൈസന്‍സ് ഹാജരാക്കാത്ത ശിശുക്ഷേമ സമിതിയെ കോടതി വിമര്‍ശിച്ചു. ദമ്പതികള്‍ക്ക് കുഞ്ഞിനെ നല്‍കിയപ്പോള്‍ ശിശു ക്ഷേമ സമിതി ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ദത്ത് ലൈസന്‍സാണെന്ന് കണ്ടെത്തിയ കോടതി സമിതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വാക്കാല്‍ പരാമര്‍ശിച്ചു.

കേസ് നവംബര്‍ 20ന് വീണ്ടും പരിഗണിക്കും. നിലവില്‍ ദത്തു നടപടികളില്‍ അന്തിമ വിധി പറയുന്നത് കോടതി നിര്‍ത്തിവച്ചിരിക്കുകയാണ്. അനുപമയുടെ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയായശേഷമേ വിധി പറയൂ. വനിതാശിശുക്ഷേമ വകുപ്പാണ് അനുപമയ്ക്കായി കോടതിയെ സമീപിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K