01 November, 2021 03:44:38 PM
ഡ്രഡ്ജര്‍ അഴിമതിക്കേസ്: ജേക്കബ് തോമസിനെതിരായ എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഡ്രഡ്ജര്‍ ഇടപാടില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി. ഡ്രഡ്ജര്‍ വാങ്ങിയതിന് സര്‍ക്കാരിന്റെ ഭരണാനുമതിയുണ്ടെന്നും ഇടപാടിന് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.
ഡ്രഡ്ജര്‍ വാങ്ങാന്‍ എട്ട് കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രഡ്ജര്‍ വാങ്ങിയതെന്നും എഫ്ഐആറിൽ പറയുന്നു. സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി ഉത്തരവെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. നൂറു ശതമാനവും കള്ളക്കേസായിരുന്നു ഇത്. ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അഴിമതിക്കെതിരായ നിലപാടെടുത്താല്‍ ഈ സമൂഹത്തില്‍ നിലനില്‍പ്പുണ്ട് എന്ന സന്ദേശമാണ് ഈ വിധി തരുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.