29 October, 2021 09:35:55 AM
ഇടുക്കിയിൽ റെഡ് അലർട്ട്; ചെറുതോണി ഡാം ഇന്ന് വൈകിട്ട് തുറന്നേക്കും
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിൽനിന്നും ഒഴുക്കിവിടുന്ന വെള്ളം കൂടി ഇടുക്കി ഡാമിലാണ് എത്തിച്ചേരുന്നത്. അതിനാൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നേക്കും. ഡാമിൽ ജലനിരപ്പ് റൂൾ കർവ് പരിധിയായ 2398.32 അടി പിന്നിട്ടതായാണ് വിവരം.
ചെറുതോണിയുടെ ഷട്ടറുകൾ വൈകുന്നേരം നാലിനു ശേഷമോ, ശനിയാഴ്ച രാവിലെയോ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നതിന് കളക്ടര്‍ അനുമതി നൽകിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇടുക്കിയിലും ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. തുറക്കാൻ തീരുമാനിച്ചാൽ ചെറുതോണി അണക്കെട്ടിന്റെ ഒരുഷട്ടർ മാത്രമാകും തുറക്കുക.
അതേ സമയം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടിയിൽ നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഇവിടെനിന്നുള്ള വെള്ളം എത്തിയാലും ഇടുക്കി അ ണക്കെട്ടിലെ ജലനിരപ്പിൽകാര്യമായ വർധനയുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇന്ന് രാവിലെ 7.29 ന് ആണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷ ട്ടറുകൾ ഉയർത്തിയത്. മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ 0.35 മീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ പെരിയാറിന്റെ തീരത്ത് അതീവജാഗ്രത പുറപ്പെടുവിച്ചു.