29 October, 2021 09:21:36 AM
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു: ഉച്ചയോടെ വെള്ളം അയ്യപ്പൻകോവിലിൽ; അതീവ ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി. മൂന്ന്, നാല് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് തുറക്കുന്നത്. രാവിലെ ഏഴിന് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആദ്യ സ്പിൽവേ ഷട്ടർ തുറന്നത് 7:29നാണ്. ഷട്ടർ തുറന്ന് 20 മിനിട്ടുകൊണ്ട് വെള്ളം വള്ളക്കടവിലെത്തും. ഉച്ചയോടെ അയ്യപ്പൻകോവിലിൽ എത്തും. വെള്ളം ഒഴുകുന്ന സ്ഥലങ്ങളിൽ അതീവ ജാഗ്രതയാണ്.
അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. രണ്ട് ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുക. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്. ഷട്ടർ ഉയർത്തുന്ന സാഹചര്യത്തിൽ പെരിയാർ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1,079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ്.
ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ ആളുകളെ പ്രദേശത്തു നിന്നും മാറ്റും. റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. മന്ത്രിമാരായ റോഷി കെ. അഗസ്റ്റിനും കെ. രാജനും ഡാമിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.