27 October, 2021 05:14:47 PM
'കേരളത്തിലെ രാഷ്ട്രീയനേതാക്കൾ നാടിനെ വിറ്റു, കോഴയുമായി അവര്‍ എന്നെയും സമീപിച്ചു' - പി.സി.ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെ ഗുരുതര ആരോപണവുമായി ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് രംഗത്ത്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്ന് പി സി ജോര്‍ജ് ആരോപിച്ചു. ഇതില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടികളെ മാറ്റിനിര്‍ത്താനാവില്ല. മുല്ലപ്പെരിയാറില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണമാണ് പിസി ജോര്‍ജിന്‍റേത്.
തമിഴ്‌നാടിന്‍റെ കയ്യില്‍ നിന്ന് പണം വാങ്ങിയവരാണ് കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. സ്വന്തം അനുഭവം കൂടി തുറന്നു പറഞ്ഞതാണ് പി സി ജോര്‍ജ് ആരോപണം ഉന്നയിക്കുന്നത്. നേരത്തെ മുല്ലപ്പെരിയാര്‍ പ്രതിഷേധം ശക്തമായി ആളിക്കത്തിയിരുന്ന സമയത്ത് തമിഴ്‌നാട് പ്രതിനിധികള്‍ തന്നെ വന്നു കണ്ടു. ഈരാറ്റുപേട്ടയില്‍ എത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ താനുമായി കൂടിക്കാഴ്ച നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വന്‍ കോഴയാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ താന്‍ ഇത് പൂര്‍ണ്ണമായും നിരസിച്ചു എന്ന് പിസി ജോര്‍ജ് പറയുന്നു. മാത്രമല്ല തമിഴ്‌നാട് പോലെയല്ല കേരളമെന്നും വന്നവരോട് പറഞ്ഞു.
സ്വന്തം നാടിനെ വില്‍ക്കുന്ന സ്വഭാവമല്ല കേരളത്തിന് ഉള്ളത് എന്നും താന്‍ മറുപടി നല്‍കി. എന്നാല്‍ കേരളത്തിലെ മിക്ക രാഷ്ട്രീയ നേതാക്കളും ഇതിന് മറിച്ചുള്ള നിലപാട് ആണ് സ്വീകരിച്ചത് എന്ന് പി സി ജോര്‍ജ് ആരോപിച്ചു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഇച്ഛാശക്തി ഉണ്ടെങ്കില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം കൊണ്ടുവരാനാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മുഴുവന്‍ ജലവും ആവശ്യമെങ്കില്‍ തമിഴ്‌നാടിന് കൊടുക്കാന്‍ ആകുന്ന കരാര്‍ ഉണ്ടാക്കിയാല്‍ മതി. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നല്ല ആളാണെന്നും ഇപ്പോള്‍ ശ്രമിച്ചാല്‍ കാര്യം നടക്കും എന്നും പി സി ജോര്‍ജ് പറയുന്നു.
സംസ്ഥാന ഗവര്‍ണര്‍ ഉള്‍പ്പെടെ ഡാമിന് ബലക്ഷയമുണ്ടെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദം മുന്നോട്ടു വെക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് നേതൃത്വം എടുക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസ് മഠയന്‍ ആണ് എന്നും പിസി ജോര്‍ജ് ആരോപിച്ചു. ഇനി ഒരു നൂറു കൊല്ലം കൂടി മുല്ലപ്പെരിയാര്‍ ഡാം കുഴപ്പമില്ലാതെ തുടരുമെന്നാണ് കെ ടി തോമസ് നിലപാട് എടുത്തത് എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് പി സി ജോര്‍ജ് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ഡാം പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്‍റെ ശത്രുവാണ് എന്ന് പി സി ജോര്‍ജ് തുറന്നടിച്ചു. ഡാം ആശങ്ക ഉയര്‍ത്തി മനുഷ്യ ചങ്ങല സംഘടിപ്പിച്ചവരാണ് സി പി എം. ഡാമിനെ കുറിച്ച് പറഞ്ഞാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ ആദ്യം കേസെടുക്കേണ്ടത് പിണറായിക്കെതിരെ ആണെന്നും പിസി ജോര്‍ജ് പറയുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരത്തെ സിപിഎം എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് വിമര്‍ശനമുന്നയിച്ചത്. ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍ വീണ്ടും ഡാം നിര്‍മിക്കുന്നത് അപകടം ഉണ്ടാകില്ലേ എന്ന ചോദ്യത്തിന് ഭൂകമ്പത്തെ അതിജീവിക്കുന്ന ഡാം വേണം എന്ന മറുപടിയാണ് പിസി ജോര്‍ജ് നല്‍കുന്നത്.