27 October, 2021 01:33:05 PM


കുര്‍ബാന എകീകരണം; സിനഡ് തീരുമാനം നടപ്പാക്കില്ലെന്ന് അങ്കമാലി അതിരൂപത വൈദിക കൂട്ടായ്മ



കൊച്ചി: സീറോ മലബാർ സഭ കുർബാന എകീകരണത്തിൽ സിനഡ് തീരുമാനം നടപ്പാക്കാനാകില്ലെന്നു ആവർത്തിച്ചു എറണാകുളം അങ്കമാലി അതിരൂപത വൈദിക കൂട്ടായ്മ. തീരുമാനം  അടിച്ചേൽപ്പിച്ചാൽ എതിർക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കി. അതേ സമയം വൈദിക കൂട്ടായ്മയ്ക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികളും രംഗത്ത് വന്നു. കുർബാന എകീകരണം സംബന്ധിച്ച വിഷയത്തിൽ വത്തിക്കാൻ വരെ കബളിപ്പിക്കപ്പെട്ടുവെന്നാണ് വൈദിക കൂട്ടായ്മയുടെ വിലയിരുത്തൽ.

അധികാര മോഹികളാണ് സഭയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇവരാണ് ചതി പ്രയോഗത്തിലൂടെ കുർബാന എകീകരണം നടപ്പാക്കിയത്. എന്നാൽ ഇതിനെ എതിർക്കാൻ ഏതറ്റവരെയും പോകുമെന്നും വൈദികർ വ്യക്തമാക്കി. പ്രാർത്ഥനയുടെ എകീകരണം അംഗീകരിക്കും. എന്നാൽ  ജനാഭിമുഖമായി മാത്രമേ കുർബാന നടത്തുകയുള്ളുവെന്നും വൈദികർ പറഞ്ഞു.300 ലധികം വൈദികർ കൂട്ടായ്മയിൽ പങ്കെടുത്തു.കുർബാന ഏകീകരണം  അടിച്ചേൽപ്പിച്ചാൽ എതിർക്കാനാണ് കൂട്ടായ്മയുടെ തീരുമാനം .  നവംബർ പകുതിയോടെ കുർബാന ഏകീകരണം നടപ്പാക്കാനാണ് സിനഡ്  നിർദ്ദേശം.

കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ  ആരാധനാ ക്രമം ഏകീകരിക്കൽ, എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി  തീരുമാനം വൈകുകയായിരുന്നു.  ഈ വർഷകാല സമ്മേളനത്തിൽ  പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ  നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു.  ഈ രീതികൾ ഏകോപിപ്പിക്കുകയാണ്  ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ.

ഇനി മുതൽ കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമാകും, പ്രധാന ഭാഗം പൂർണ്ണമായി അൾത്താരയ്ക്ക അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യവും കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും. ഡിസംബർ ആദ്യവാരമാകും പുതിയ പരിഷ്കാരം നടപ്പിക്കി തുടങ്ങുക. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും നേരത്തെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അമ്പത് വർഷമായി തുടരുന്ന രീതി മാറ്റാൻ ആകില്ലെന്നാണ് നിലപാട്.

കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബ്ബാന അർപ്പണരീതി.   ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന  നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാനാണ്‌ സിനഡു തീരുമാനം . വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡ് അഭ്യർത്ഥിച്ചിരുന്നു.

ഏകീകരിച്ച  കുർബ്ബായർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ മേൽപറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും  നവംബർ 28നു തന്നെ ആരംഭിക്കണം. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള കുർബ്ബാന അർപ്പിക്കുവാൻ തീരുമാനിച്ചതായും ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും രൂപത മുഴുവനിലും നടപ്പിലാക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തിരുന്നു .

അതേ സമയം വൈദിക കൂട്ടായ്മയ്ക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികളും രംഗത്ത് വന്നു. ചർച്ച് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കൂട്ടായ്മ നടന്ന കേന്ദ്രം ഉപരോധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K