27 October, 2021 11:10:43 AM
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണം - മേൽനോട്ട സമിതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് മേൽനോട്ട സമിതി. ഈ നിർദേശം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിർദേശം. 137 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്‍റെയും ആവശ്യം. ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനമായ ബഞ്ച് മേൽനോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട ഒരു തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.
കേരളം, തമിഴ്‌നാട് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മേൽനോട്ട സമിതി തീരുമാനം കൈകൊണ്ടത്. ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്‍റെ പഴക്കം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സുപ്രീം കോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.
ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ മേൽനോട്ട സമിതി ചെയർമാനും, കേന്ദ്ര ജലകമ്മിഷൻ അംഗവുമായ ഗുൽഷൻ രാജ്, കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്‌നാടിന് വേണ്ടി അഡിഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ വിവരങ്ങൾ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചിനെ അറിയിക്കും. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞ ദിവസം ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.