26 October, 2021 12:55:21 PM
കുഞ്ഞ് അനുപമയുടേതാണോയെന്ന് ഉറപ്പില്ല: ദത്ത് നടപടിക്രമം പാലിച്ച് - ആരോഗ്യമന്ത്രി
തിരുവനന്തപുരം: അനുമപയുടേതെന്ന് പറയപ്പെടുന്ന കുഞ്ഞിനെ ദത്ത് നൽകിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മന്ത്രി വീണാ ജോർജ്. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ശിശുക്ഷേമ സമിതിയിൽ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണ്.
ഈ കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അതേസമയം, കുഞ്ഞ് അനുപമയുടേത് തന്നെയാണോയെന്ന് ഉറപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 23ന് രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചു. ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്.
ഒക്ടോബര്‍ 23ന് ലഭിച്ച ഒരു കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അത് അനുപമയുടെ കുഞ്ഞ് അല്ലെന്ന് തെളിഞ്ഞു. മറ്റൊരുകുഞ്ഞിനെയാണ് നടപടിക്രമങ്ങള്‍ പാലിച്ച് ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത്. ഈ കുഞ്ഞ് ഇപ്പോഴും അനുപമയുടെതാണോയെന്ന് അറിയില്ല. വനിതാശിശുക്ഷേമ സമിതി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കേസ് നടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. അതുകൊണ്ട് ഈ വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.