25 October, 2021 01:21:55 PM
ജനങ്ങളിൽ ഭീതി നിഴലിക്കുന്നു; മുല്ലപ്പെരിയാറിൽ സർക്കാർ ഇടപെടണം - വി ഡി സതീശൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതി നിഴലിക്കുന്നുണ്ടെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുഖ്യമന്ത്രിയുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും, സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ നാല് വർഷമായി തുടരെ ഉണ്ടാവുന്ന പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാകാം, ജനങ്ങൾ അവരുടെ ആശങ്കയും ഉത്കണ്ഠയും പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഉള്ള പ്രതികരണങ്ങളിൽ ജനങ്ങളുടെ ഭീതി നിഴലിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചു. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും , സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം. അതിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിയു. ഈ വിഷയം നിയമസഭയിലും ഉന്നയിക്കും.