24 October, 2021 09:36:55 PM
കാലവർഷം തുലാവർഷത്തിനു വഴിമാറുന്നു; നാല് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം പിൻവാങ്ങുകയും തുലാവർഷം പെയ്തു തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷത്തിന്റെ പിൻവാങ്ങലും തുലാവർഷത്തിന്റെ വരവും ഇക്കുറി ഒരേ ദിവസം തന്നെയായിരിക്കും. സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള മറ്റു ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ തിങ്കളാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കുമാണ് സാധ്യത.